മൂന്നുകോടി രൂപയോളം മുടക്കി രാജ്യാന്തര നിലവാരത്തിലുള്ള ടര്‍ഫ് സജ്ജമാക്കി വിവിധ കായികഇനങ്ങളില്‍ കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുകയാണ് ഡോ. എന്‍.കെ.സൂരജിന്റെ നേതൃത്വത്തില്‍ അഴീക്കോട് ചാലില്‍ പ്രവര്‍ത്തിക്കുന്ന ദയ അക്കാദമി.
മലയാള മനോരമ റിപ്പോര്‍ട്ട് (25.09.2021)
ഗ്രാമീണ അന്തരീക്ഷം,
ലോകോത്തര നിലവാരം;
ചരിത്രം കുറിച്ച് ദയ
നന്നായി പഠിച്ചിരുന്ന, കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിച്ചിരുന്ന കുട്ടികള്‍ ഒറ്റദിവസം കൊണ്ട് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങുകയായിരുന്നു ലോക്ഡൗണില്‍. രക്ഷിതാക്കള്‍ കൈവിട്ടു കൊടുക്കാന്‍ മടിച്ച മൊബൈല്‍ ഫോണുകള്‍ പഠനത്തിന് അനിവാര്യമായതോടെ നിയന്ത്രണങ്ങളില്ലാതെ അവരുടെ കൈകളിലേക്കെത്തി. രാവേറെച്ചെല്ലുവോളം കുട്ടികള്‍ ആ കുഞ്ഞുസ്‌ക്രീനില്‍ കണ്ണുനട്ടിരുന്നു. രാവിന്റെ അന്ത്യയാമങ്ങളിലെപ്പൊഴോ തളര്‍ന്നുവീണുറങ്ങി.. രാവിലെ അച്ഛനും അമ്മയും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചിട്ടും പുതച്ചുമൂടിക്കിടന്നു.
ഉച്ചിയില്‍ വെയിലുവീഴുമ്പോഴും ഉറക്കംതൂങ്ങുന്ന കണ്ണുമായി വന്ന് ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒന്നിച്ചുകഴിച്ചു. പിന്നെയും മൊബൈലിലേക്ക്.. തന്റെ മക്കളില്‍ ഉള്‍പ്പെടെ വന്ന മാറ്റം സൂരജ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉദ്ഘാടനത്തിനു മുന്‍പേ അക്കാദമിയുടെ കവാടം കുട്ടികള്‍ക്കായി തുറക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ മാറ്റംതന്നെ.
ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ദയ അക്കാദമിയെന്ന കായിക പരിശീലന കേന്ദ്രം തുടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം നടന്നുകൊണ്ടിരിക്കവേയായിരുന്നു പൊടുന്നനെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാട്ടിന്‍പുറത്തെ കുട്ടികള്‍ക്കു നല്‍കിയിരുന്ന പരിശീലനവും ഇതോടെ തല്‍ക്കാലം നിര്‍ത്തിവച്ചു.
എന്നാല്‍ തുടര്‍ച്ചയായ മൊബൈല്‍ ഉപയോഗത്തിലൂടെ കുട്ടികളില്‍ വന്ന മാറ്റം രക്ഷിതാക്കളെ ആശങ്കപ്പെടുത്തി. അവരുടെ അഭ്യര്‍ഥനകൂടിയായതോടെ കുട്ടികള്‍ക്കായി സൈക്ലിങ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഉച്ചയോളം കിടന്നുറങ്ങിയ കുട്ടികള്‍ പുലര്‍ച്ചെ നാലിനുതന്നെ ഉണര്‍ന്ന് ഉന്മേഷവാന്മാരായി ദയയിലേക്ക് എത്തി. സൂരജിന്റെ മക്കളായ ആദിഷും അമിതയും ആവേശത്തോടെ പങ്കുചേര്‍ന്നു.
കുട്ടികളില്‍ വന്ന മാറ്റം ആവേശകരമായിരുന്നു. ബോക്സിങ്, ഫുട്ബോള്‍, കരാട്ടെ, അത്‌ലറ്റിക്സ്, യോഗ.. അങ്ങനെ ഇനങ്ങള്‍ ഒന്നൊന്നായി കൂട്ടിക്കൊണ്ടിരുന്നു. ഓരോന്നിനും രാജ്യാന്തര നിലവാരമുള്ള പരിശീലകരെയും അണിനിരത്താന്‍ സൂരജ് ശ്രദ്ധിച്ചു. അമ്പെയ്ത്തും പഞ്ചഗുസ്തിയും ഉള്‍പ്പെടെ പതിനഞ്ചോളം ഇനങ്ങള്‍ പരിശീലിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. അക്കാദമിയുടെ ഓഫിസ് കോംപ്ലക്സ് പൂര്‍ത്തിയാവുന്നതോടെ രണ്ടു ബോക്സിങ് റിങ്ങുകള്‍, ജിംനേഷ്യം, ടേബിള്‍ ടെന്നിസ് ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, ഡ്രസ്സിങ് റൂം എന്നിവയെല്ലാം സജ്ജമാകും. വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ടെന്നിസ് കോര്‍ട്ടുകളും സമീപത്തായി ഒരുങ്ങും. പതിനഞ്ചിലേറെ കായികഇനങ്ങളില്‍ പരിശീലനം നല്‍കുന്ന സ്പോര്‍ട്സ് കോംപ്ലക്സാണ് ലക്ഷ്യമിടുന്നതെന്നു ഡോ.എന്‍.കെ.സൂരജ് മനോരമയോടു പറഞ്ഞു.
ദയ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ 30 പേരാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. സൂരജിന്റെ ഭാര്യ ഷംനയും ട്രസ്റ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാനൂറോളം കുട്ടികളാണ് ദയ അക്കാദമിയില്‍ കായിക പരിശീലനം നേടുന്നത്. രാവിലെ 6 മുതല്‍ പരിശീലനം തുടങ്ങും. സെക്ലിങ്ങിനായി കുട്ടികള്‍ പുറപ്പെടുമ്പോള്‍ രണ്ടു കാറുകളിലും ബൈക്കുകളിലുമായി ദയ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകും.
രാജ്യാന്തര നിലവാരമുള്ള ടര്‍ഫ് സൗകര്യവും ഉപകരണങ്ങളും ഭക്ഷണവും ഉള്‍പ്പെടെ എല്ലാം പൂര്‍ണമായും സൗജന്യം. വിദേശത്തെ സൂരജിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലാഭവിഹിതമാണ് അക്കാദമിയുടെ പ്രധാന മൂലധനം. കണ്ണൂരില്‍ ദയ മെഡിക്കല്‍സ്, കിംസ്റ്റ് ഹോസ്പിറ്റല്‍ തുടങ്ങിയ സംരംഭങ്ങളില്‍ നിന്നുള്ള വരുമാനവും അക്കാദമിക്കായി നീക്കിവയ്ക്കുന്നു. പുറത്തുനിന്നുള്ള സംഭാവനകളോ കുട്ടികളില്‍ നിന്നു ഫീസോ ഒന്നും വാങ്ങുന്നില്ല.
പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷം പൂര്‍ത്തിയാവും മുന്‍പേ കുട്ടികള്‍ മെഡലുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങിയത് ഏവരേയും ആവേശഭരിതരാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ 3 സ്വര്‍ണവും 2 വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ 16 മെഡലുകളാണ് ദയയിലെ കുട്ടികള്‍ സ്വന്തമാക്കിയത്. ഇത്തവണ സീനിയര്‍ പെണ്‍കുട്ടികള്‍ രണ്ടു വെങ്കലമെഡലുകള്‍ നേടി. ജൂനിയര്‍, സബ് ജൂനിയര്‍ മത്സരം നടക്കാനിരിക്കെ പരിശീലനം തുടരുകയാണ് കുട്ടികള്‍. പഞ്ചഗുസ്തിയില്‍ 2 സ്വര്‍ണവും 3 വെള്ളിയും ഉള്‍പ്പെടെ 5 മെഡലുകളും ദയയിലെ പരിശീലനത്തിലൂടെ കുട്ടികള്‍ സ്വന്തമാക്കി. രാജ്യാന്തര മെഡലുകള്‍ക്ക് സാധ്യതയുള്ളവരെ വിദേശത്ത് അയച്ചു പരിശീലിപ്പിക്കാന്‍ ആലോചിക്കുന്നതായി സൂരജ് പറഞ്ഞു.
കേവലം കായിക പരിശീലനം മാത്രമല്ല, ദയ ഉദ്ദേശിക്കുന്നത്. മത്സര പരീക്ഷകള്‍ക്കു കുട്ടികളെ സജ്ജരാക്കുക, നേതൃഗുണവും ആശയവിനിമയ പാടവവുമുള്ളവരായി അവരെ വളര്‍ത്തുക, പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തേകുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. ദിവസവും അഞ്ചു പൊതുവിജ്ഞാന ചോദ്യങ്ങള്‍ വീതം പഠിപ്പിക്കുന്നതും രാജ്യാന്തര പരിശീലകരെയും ജീവിതവിജയം നേടിയവരെയും ഇവിടെയെത്തിച്ച് അവരുമായി സംവദിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കുന്നതും അതിന്റെ ഭാഗമാണ്. ദയയിലേക്കെത്താന്‍ ആഗ്രഹിച്ച് ഒട്ടേറെ അപേക്ഷകള്‍ വരുന്നുണ്ടെങ്കിലും തല്‍ക്കാലം കൂടുതല്‍പ്പേരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്ഥിതിയാണ്. സമീപഭാവിയില്‍ സൗകര്യങ്ങളൊരുക്കി കൂടുതല്‍ കുട്ടികള്‍ക്ക് അവസരമൊരുക്കാന്‍ സാധിക്കുമെന്നു ദയ പ്രവര്‍ത്തകര്‍ പറയുന്നു.
നാടിന്റെ നന്മയ്ക്കായ് ദയ
സ്വന്തം നാടിനായി ഒരുപാടു കാര്യങ്ങള്‍ ചെയ്യണമെന്ന കൃത്യമായ ലക്ഷ്യബോധത്തോടെയാണ് 10 വര്‍ഷം മുന്‍പ് ഡോ.എന്‍.കെ.സൂരജ് ദയ ചാരിറ്റബിള്‍ ട്രസ്റ്റിനു രൂപം നല്‍കിയത്. സുഹൃത്തുക്കളാണ് അന്നും ഇന്നും ദയയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. നൂറ്റിഅന്‍പതോളം പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍, ഭവനരഹിതരായ 10 പേര്‍ക്കു വീട്, മൊബൈലുകള്‍, ടിവി തുടങ്ങി ആയിരത്തോളം പേര്‍ക്ക് ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍, കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന് ആംബുലന്‍സ്, അഴീക്കോട് ആരോഗ്യകേന്ദ്രത്തിന് ഡയാലിസിസ് യന്ത്രങ്ങള്‍, മരുന്നുകള്‍, മാസ്‌കുകള്‍, ഭക്ഷ്യകിറ്റുകള്‍ തുടങ്ങിയവയുടെ വിതരണം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ദയയുടെ നേതൃത്വത്തില്‍ നടക്കുന്നു.
ബീച്ച് ബോക്സിങ്: പുതിയ തുടക്കം
സംസ്ഥാന ബോക്സിങ് അസോസിയേഷന്റെ പ്രസിഡന്റായി സൂരജ് എത്തിയതോടെയാണ് ബോക്സിങ് ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. വിനോദസഞ്ചാരവുമായി കോര്‍ത്തിണക്കള അഴീക്കോട് ചാല്‍ ബീച്ചില്‍ നടത്തിയ സംസ്ഥാന ടൂര്‍ണമെന്റ് വിപ്ളവകരമായ ചുവടുവയ്പ്പായിരുന്നു. കടലോരത്ത് രാജ്യാന്തര നിലവാരത്തിലുള്ള റിങ് സജ്ജമാക്കി നടത്തിയ ബോക്സിങ് ടൂര്‍ണമെന്റ് വന്‍ വിജയമായതോടെ ദേശീയതലത്തില്‍ ഇത്തരത്തില്‍ മത്സരങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ്ഐ). ബിഎഫ്ഐയുടെ ഡവലപ്മെന്റ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍കൂടിയായ സൂരജ് തന്നെയാണ് പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്നത്.
മലയാള മനോരമ, 25.09.2021
September 25, 2021